ഇന്നത്തെ ബൈബിൾ വായന
2011-ൽ ഭൂകമ്പം മൂലമുണ്ടായ, ജപ്പാനിലെ ഫുകുഷിമ ഡെയ്‌ചി ആണവ ദുരന്തം, വൻതോതിൽ വിഷവസ്തുക്കൾ പുറത്തുവിടുകയും 150,000-ത്തിലധികം താമസക്കാരെ ഒഴിപ്പിക്കാൻ കാരണമാകുകയും ചെയ്തു. ഒരു പ്രദേശവാസി പറഞ്ഞു, "അദൃശ്യമായ ഒരു മഞ്ഞ് ഫുകുഷിമയിൽ വീണു, പ്രദേശത്തെ മൂടുന്നത് പോലെയാണ് ഇത്." പ്ലാന്റിൽ നിന്ന് ഉയർന്ന വികിരണം, മൈലുകൾ അകലെയുള്ള വിളകൾ, മാംസം, ഇന്റർനെറ്റ് എന്നിവയെ ബാധിച്ചു. വിഷബാധയ്‌ക്കെതിരെ പോരാടാൻ പ്രദേശവാസികൾ, വികിരണം വലിച്ചെടുക്കാൻ കഴിവുള്ള സൂര്യകാന്തി നടാൻ തുടങ്ങി. അവർ രണ്ട് ലക്ഷത്തിലധികം വിത്തുകൾ നട്ടുപിടിപ്പിച്ചു. ദശലക്ഷക്കണക്കിന് സൂര്യകാന്തികൾ ഇപ്പോൾ ഫുകുഷിമയിൽ വിരിഞ്ഞുകൊണ്ടിരിക്കുന്നു.
ദൈവത്തിന്റെ രൂപകൽപ്പനയിലൂടെ പ്രവർത്തിക്കുന്ന സൂര്യകാന്തി, ലോകത്തെ മുഴുവൻ സുഖപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള യേശുവിന്റെ സ്വന്തം പ്രവർത്തനത്തിന് സമാനമായി ചെറിയ രീതിയിൽ പ്രവർത്തിക്കുന്നു. ക്രിസ്തു "നമ്മുടെ വേദനകളെ" സ്വന്തം ശരീരത്തിലേക്ക് എടുക്കുകയും "നമ്മുടെ രോഗങ്ങളെ" വഹിക്കുകയും ചെയ്തു (യെശയ്യാവ് 53:4). നമ്മുടെ ലോകത്തിലെ എല്ലാ തിന്മകളും അക്രമങ്ങളും വിഷവസ്തുക്കളും—മനുഷ്യരായ നാം നമ്മെത്തന്നെ നശിപ്പിക്കുന്ന എല്ലാ വഴികളും, അവൻ തന്നിലേക്ക് വലിച്ചെടുത്തു. അവൻ നമ്മുടെ എല്ലാ തെറ്റുകളും ഉൾക്കൊള്ളുന്നു. ക്രൂശിൽ, യേശു "മുറിവേറ്റു"—അവന്റെ തെറ്റിന് വേണ്ടിയല്ല, മറിച്ച് "നമ്മുടെ അതിക്രമങ്ങൾ" നിമിത്തമാണ് (വാ. 5). അവൻ നമ്മുടെ പാപങ്ങൾക്കുവേണ്ടി മരിച്ചതിനാൽ, നമുക്ക് സുഖം പ്രാപിക്കാൻ കഴിയും. "അവന്റെ അടിപ്പിണരുകളാൽ നമുക്കു സൌഖ്യം വന്നുമിരിക്കുന്നു." (വാക്യം 5).
ക്രിസ്തു ദൂരെ നിന്ന് നമ്മോട് ക്ഷമിക്കുക മാത്രമല്ല, നമ്മുടെ തിന്മകളെല്ലാം അവൻ സ്വയം ഏറ്റെടുക്കുകയും ചെയ്യുന്നു. യേശു അതെല്ലാം നിർവീര്യമാക്കുന്നു. അതോടൊപ്പം അവൻ നമ്മെ ആത്മീയമായി സുഖപ്പെടുത്തുന്നു.
സെയ്ന്റ് നിക്ക്
സെയ്ന്റ് നിക്കോളാസ് (സെയ്ന്റ് നിക്ക്) എന്നറിയപ്പെടുന്ന വ്യക്തി ഏകദേശം എ.ഡി. 270 -ൽ ഒരു സമ്പന്ന ഗ്രീക്ക് കുടുംബത്തിലാണ് ജനിച്ചത്. നിർഭാഗ്യമെന്നു പറയട്ടെ, അവൻ ബാലനായിരുന്നപ്പോൾ അവന്റെ മാതാപിതാക്കൾ മരിച്ചു, തുടർന്ന് അവനെ സ്‌നേഹിക്കുകയും ദൈവത്തെ അനുഗമിക്കാൻ പഠിപ്പിക്കുകയും ചെയ്ത അമ്മാവനോടൊപ്പം അവൻ ജീവിച്ചു. നിക്കോളാസ് ചെറുപ്പമായിരുന്നപ്പോൾ, സ്ത്രീധനം കൊടുക്കാൻ നിർവാഹമില്ലാത്തിനാൽ വിവാഹിതരാകാൻ കഴിയാത്ത മൂന്ന് സഹോദരിമാരെ കുറിച്ച് അവൻ കേട്ടു. അവർ അധികം താമസിയാതെ അനാഥരാകുമെന്നും അറിഞ്ഞു. ആവശ്യത്തിലിരിക്കുന്നവർക്ക് നൽകുന്നതിനെക്കുറിച്ചുള്ള യേശുവിന്റെ പഠിപ്പിക്കൽ പിന്തുടരാൻ ആഗ്രഹിച്ചുകൊണ്ട്, അവൻ തന്റെ അവകാശ സ്വത്ത് വിറ്റ് സഹോദരിമാർ ഓരോരുത്തർക്കും സ്വർണ്ണ നാണയങ്ങളുടെ ഓരോ കിഴി സമ്മാനിച്ചു. ബാക്കി പണം ദരിദ്രർക്ക് ഭക്ഷണം നൽകാനും മറ്റുള്ളവരെ പരിപാലിക്കാനും നിക്കോളാസ് നൽകി. തുടർന്നുള്ള നൂറ്റാണ്ടുകളിൽ, നിക്കോളാസ് തന്റെ ഔദാര്യത്തിന്റെ പേരിൽ ആദരിക്കപ്പെട്ടു, കൂടാതെ സാന്താക്ലോസ് എന്ന കഥാപാത്രം അദ്ദേഹത്തിന്റെ കഥയിൽ നിന്നുരുത്തിരിഞ്ഞതാണെന്നും പറയപ്പെടുന്നു.
ക്രിസ്തുമസ് സീസണിലെ തിളക്കവും പരസ്യവും നമ്മുടെ ആഘോഷങ്ങൾക്ക് ഭീഷണിയാകുമെങ്കിലും, സമ്മാനങ്ങൾ നൽകുന്ന പാരമ്പര്യം നിക്കോളാസുമായി ബന്ധിപ്പെട്ടിരിക്കുന്നു. അവന്റെ ഔദാര്യം യേശുവിനോടുള്ള ഭക്തിയുടെ അടിസ്ഥാനത്തിലായിരുന്നു. ക്രിസ്തു സങ്കൽപ്പിക്കാനാവാത്ത ഔദാര്യം നടപ്പാക്കി, ഏറ്റവും അഗാധമായ സമ്മാനം കൊണ്ടുവന്നു എന്ന് നിക്കോളാസിന് അറിയാമായിരുന്നു - അതായത് “ദൈവം നമ്മോടുകൂടെ’’ ആയ യേശു (മത്തായി 1:23). അവൻ നമുക്ക് ജീവന്റെ സമ്മാനം കൊണ്ടുവന്നു. മരണത്തിന്റെ ലോകത്തിൽ, അവൻ ''തന്റെ ജനത്തെ അവരുടെ പാപങ്ങളിൽനിന്നു രക്ഷിക്കുന്നു'' (വാ. 21)
നാം യേശുവിൽ വിശ്വസിക്കുമ്പോൾ, ത്യാഗപരമായ ഔദാര്യം വെളിപ്പെടുന്നു. നാം മറ്റുള്ളവരുടെ ആവശ്യങ്ങളിൽ ഔദാര്യം കാണിക്കുന്നു, ദൈവം നമുക്കുവേണ്ടി നൽകുന്നതുപോലെ നാം മറ്റുള്ളവർക്കും സന്തോഷത്തോടെ നൽകുന്നു. ഇത് സെയ്ന്റ് നിക്കിന്റെ കഥയാണ്; എന്നാൽ അതിലുപരിയായി ഇത് ദൈവത്തിന്റെ കഥയാണ്.
ഇടയന്റെ ശബ്ദം അറിയുക
ചെറുപ്പത്തിൽ അമേരിക്കയിലെ ഒരു മേച്ചൽസ്ഥലത്തു ഞാൻ താമസിക്കുന്ന സമയത്ത്, ഞാൻ എന്റെ ഉറ്റസുഹൃത്തുമായി കറങ്ങിനടക്കുന്ന മഹത്തായ സായാഹ്നങ്ങൾ ഉണ്ടായിരുന്നു. ഞങ്ങൾ കാട്ടിലൂടെ നടക്കും, കുതിരപ്പുറത്ത് സഞ്ചരിക്കും, കുതിരയോട്ട മത്സരവേദി സന്ദർശിക്കും, പശുവിന്റെ തൊഴുത്തിൽ കയറും. പക്ഷേ, ഡാഡിയുടെ വിസിൽ കേട്ടാലുടൻ-മറ്റെല്ലാ ശബ്ദങ്ങളെയും അതിജീവിക്കുന്ന അതിന്റെ വ്യക്തമായ ശബ്ദം -ഞാൻ ചെയ്യുന്നതെന്തും ഉടൻ തന്നെ ഉപേക്ഷിച്ച് വീട്ടിലേക്ക് പോകും. സിഗ്‌നൽ തെറ്റില്ലായിരുന്നു, എന്നെ വിളിക്കുന്നത് എന്റെ അച്ഛൻ ആണെന്ന് എനിക്കറിയാമായിരുന്നു. പതിറ്റാണ്ടുകൾക്ക് ശേഷവും ആ വിസിൽ ഞാൻ തിരിച്ചറിയും.
താൻ ഇടയനാണെന്നും തന്റെ അനുയായികൾ ആടുകളാണെന്നും യേശു തന്റെ ശിഷ്യന്മാരോട് പറഞ്ഞു. ''ആടുകൾ അവന്റെ [ഇടയന്റെ] ശബ്ദം കേൾക്കുന്നു,'' അവൻ പറഞ്ഞു. “തന്റെ ആടുകളെ അവൻ പേർചൊല്ലി വിളിച്ചു പുറത്തു കൊണ്ടുപോകുന്നു’’ (യോഹന്നാൻ 10:3). അനേകം നേതാക്കളും അധ്യാപകരും തങ്ങളുടെ അധികാരം ഉറപ്പിച്ചുകൊണ്ട് ക്രിസ്തുവിന്റെ ശിഷ്യന്മാരെ ആശയക്കുഴപ്പത്തിലാക്കാൻ ശ്രമിച്ച ഒരു കാലഘട്ടത്തിൽ, തന്റെ സ്‌നേഹനിർഭരമായ ശബ്ദം ഇപ്പോഴും മറ്റാരുടെ ശബ്ദത്തെക്കാളും വ്യതിരിക്തമായി കേൾക്കാൻ കഴിയുമെന്ന് അവൻ പ്രഖ്യാപിച്ചു. “ആടുകൾ അവന്റെ ശബ്ദം അറിഞ്ഞു അവനെ അനുഗമിക്കുന്നു’’ (വാ. 4).
യേശുവിന്റെ ശബ്ദം കേൾക്കുമ്പോൾ നമുക്ക് ശ്രദ്ധാലുക്കളായിരിക്കുകയും അത് വിഡ്ഢിത്തമായി തള്ളിക്കളയാതിരിക്കുകയും ചെയ്യാം, കാരണം അടിസ്ഥാന സത്യം അവശേഷിക്കുന്നു: ഇടയൻ വ്യക്തമായി സംസാരിക്കുന്നു, അവന്റെ ആടുകൾ അവന്റെ ശബ്ദം കേൾക്കുന്നു. ഒരുപക്ഷേ തിരുവെഴുത്തുകളുടെ ഒരു വാക്യത്തിലൂടെയോ, വിശ്വാസിയായ ഒരു സുഹൃത്തിന്റെ വാക്കുകളിലൂടെയോ, അല്ലെങ്കിൽ ആത്മാവിന്റെ ഉൾപ്രേരണയിലൂടെയോ - യേശു സംസാരിക്കുന്നു, നാം കേൾക്കുന്നു.
വീണ്ടുവിചാരമില്ലാതെ അപകടത്തിലേക്ക്
1892-ൽ, കോളറ ബാധിച്ച ഒരു താമസക്കാരൻ അബദ്ധവശാൽ എൽബെ നദിയിലൂടെ ജർമ്മനിയിലെ മുഴുവൻ ജലവിതരണ കേന്ദ്രമായ ഹാംബർഗിലേക്ക് രോഗം പകർന്നു. ആഴ്ചകൾക്കുള്ളിൽ പതിനായിരം പൗരന്മാർ മരിച്ചു. അതിന് എട്ട് വർഷം മുമ്പ്, ജർമ്മൻ മൈക്രോബയോളജിസ്റ്റ് റോബർട്ട് കോച്ച് ഒരു കണ്ടുപിടിത്തം നടത്തി: കോളറ ജലത്തീലൂടെയാണ് പകരുന്നത്. കോച്ചിന്റെ വെളിപ്പെടുത്തൽ വലിയ യൂറോപ്യൻ നഗരങ്ങളിലെ ഉദ്യോഗസ്ഥരെ അവരുടെ വെള്ളം സുരക്ഷിതമാക്കുന്നതിനായി ഫിൽട്ടറേഷൻ സംവിധാനം ഉപയോഗിക്കാൻ പ്രേരിപ്പിച്ചു. എന്നിരുന്നാലും, ഹാംബർഗ് അധികൃതർ ഒന്നും ചെയ്തില്ല. ചെലവുകൾ ഉദ്ധരിച്ചും ശാസത്രീയ കണ്ടുപിടുത്തത്തിൽ സംശയം ആരോപിച്ചും - അവരുടെ നഗരം ദുരന്തത്തിലേക്ക് നീങ്ങുമ്പോൾ - വ്യക്തമായ മുന്നറിയിപ്പുകളെ അവർ അവഗണിച്ചു.
പ്രശ്‌നങ്ങൾ കണ്ടിട്ടും പ്രവർത്തിക്കാൻ വിസമ്മതിക്കുന്ന നമ്മെക്കുറിച്ച് സദൃശവാക്യങ്ങളുടെ പുസ്തകത്തിന് ധാരാളം കാര്യങ്ങൾ പറയാനുണ്ട്. “വിവേകമുള്ളവൻ അനർത്ഥം കണ്ടു ഒളിച്ചുകൊള്ളുന്നു; അല്പബുദ്ധികളോ നേരെ ചെന്നു ചേതപ്പെടുന്നു” (27:12). അപകടം മുന്നിൽ കാണാൻ ദൈവം നമ്മെ സഹായിക്കുമ്പോൾ, അപകടത്തെ നേരിടാൻ നടപടിയെടുക്കുന്നത് സാമാന്യബുദ്ധിയാണ്. ഞങ്ങൾ ബുദ്ധിപൂർവ്വം ഗതി മാറ്റുന്നു. അല്ലെങ്കിൽ അവൻ നൽകുന്ന ഉചിതമായ മുൻകരുതലുകളുമായി നാം സ്വയം തയ്യാറാകുന്നു. നാം എന്തെങ്കിലും ചെയ്യുന്നു. ഒന്നും ചെയ്യാതിരിക്കുക എന്നത് കേവല ഭ്രാന്താണ്. എന്നിരുന്നാലും, മുന്നറിയിപ്പ് അടയാളങ്ങൾ നഷ്ടപ്പെടുത്തുന്നതിൽ നാമെല്ലാം പരാജയപ്പെടാം, ദുരന്തത്തിലേക്ക് സ്വയം നടന്നടുക്കാം. “അല്പബുദ്ധികളോ നേരെ ചെല്ലുകയും അനന്തരഫലങ്ങൾ അനുഭവിക്കുകയും ചെയ്യുന്നു” (വാ. 12 NLT).
തിരുവെഴുത്തുകളിലും യേശുവിന്റെ ജീവിതത്തിലും, ദൈവം നമുക്ക് പിന്തുടരേണ്ട പാത കാണിച്ചുതരുകയും നാം തീർച്ചയായും നേരിടേണ്ടിവരുന്ന പ്രശ്‌നങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയും ചെയ്യുന്നു. നമ്മൾ വിഡ്ഢികളാണെങ്കിൽ, നമ്മൾ അപകടത്തിലേക്ക് തെന്നു തലവയ്ക്കും. പകരം, അവന്റെ കൃപയാൽ അവൻ നമ്മെ നയിക്കുന്നതുപോലെ, നമുക്ക് അവന്റെ ജ്ഞാനം ശ്രദ്ധിക്കുകയും ഗതി മാറ്റുകയും ചെയ്യാം.
നമുക്കാവശ്യമുള്ള ജ്ഞാനം
തന്റെ സ്മരണീയ ഗ്രന്ഥമായ ദി ഗ്രേറ്റ് ഇൻഫ്‌ളുവൻസയിൽ, ജോൺ എം. ബാരി 1918-ലെ ഇൻഫ്‌ളുവൻസയുടെ കഥ വിവരിക്കുന്നു. ആരോഗ്യ പ്രവർത്തകർ ജാഗ്രത പാലിക്കുന്നതിനുപകരം എങ്ങനെയാണ് ഒരു വലിയ രോഗവ്യാപനം പ്രതീക്ഷിച്ചതെന്ന് ബാരി വെളിപ്പെടുത്തുന്നു. ഒന്നാം ലോകമഹായുദ്ധത്തിൽ ലക്ഷക്കണക്കിന് സൈനികർ ട്രെഞ്ചുകളിൽ കഴിയുന്നതും അതിർത്തി കടന്നു പോകുന്നതും പുതിയ വൈറസുകളെ അഴിച്ചുവിടുമെന്ന് അവർ ഭയപ്പെട്ടു. എന്നാൽ നാശം തടയാൻ ഈ അറിവ് ഉപയോഗശൂന്യമായിരുന്നു. ശക്തരായ നേതാക്കൾ യുദ്ധകാഹളം മുഴക്കിക്കൊണ്ട് അക്രമത്തിലേക്ക് കുതിച്ചു. പകർച്ചവ്യാധി വിദഗ്ധർ കണക്കാക്കുന്നത് അഞ്ചു കോടി ആളുകൾ പകർച്ചവ്യാധിയിൽ മരിച്ചു എന്നാണ്. ഇതു കൂടാതെ മറ്റൊരു രണ്ടു കോടി ആളുകൾ യുദ്ധ കൂട്ടക്കൊലയിൽ കൊല്ലപ്പെടുകയും ചെയ്തു.
തിന്മയിൽ നിന്ന് നമ്മെ രക്ഷിക്കാൻ നമ്മുടെ മാനുഷിക അറിവ് ഒരിക്കലും മതിയാകില്ലെന്ന് നാം വീണ്ടും വീണ്ടും തെളിയിച്ചിട്ടുണ്ട് (സദൃശവാക്യങ്ങൾ 4:14-16). അപാരമായ അറിവുകൾ നാം സമ്പാദിച്ചിട്ടുണ്ടെങ്കിലും ശ്രദ്ധേയമായ ഉൾക്കാഴ്ചകൾ അവതരിപ്പിക്കുന്നുവെങ്കിലും, പരസ്പരം മറ്റുള്ളവർക്കു വേദന വരുത്തുന്നതു തടയാൻ നമുക്ക് ഇപ്പോഴും കഴിയുന്നില്ല. ''അഗാധമായ അന്ധകാര''ത്തിലേക്ക് നയിക്കുന്ന ഈ വിഡ്ഢിത്തവും ആവർത്തിച്ചുള്ളതുമായ ''ദുഷ്ടന്മാരുടെ വഴി,'' നമുക്ക് തടയാനാവില്ല. നമ്മുടെ ഏറ്റവും മികച്ച അറിവ് ഉണ്ടായിരുന്നിട്ടും, “[നമ്മെ] തട്ടിവീഴ്ത്തുന്നത് എന്താണ്” (വാക്യം 19) എന്ന് നമുക്ക് ശരിക്കും അറിയില്ല.
അതുകൊണ്ടാണ് നാം “ജ്ഞാനം സമ്പാദിക്കയും വിവേകം നേടുകയും'' ചെയ്യേണ്ടത് (വാ. 5). അറിവു കൊണ്ട് എന്തുചെയ്യണമെന്ന് ജ്ഞാനം നമ്മെ പഠിപ്പിക്കുന്നു. നമുക്ക്് അത്യാവശ്യമായിരിക്കുന്ന യഥാർത്ഥ ജ്ഞാനം, ദൈവത്തിൽ നിന്നാണ് വരുന്നത്. നമ്മുടെ അറിവ് എല്ലായ്‌പ്പോഴും പരിമിതമായിരിക്കും, എന്നാൽ അവന്റെ ജ്ഞാനം നമുക്ക് ആവശ്യമുള്ളത് നൽകുന്നു.
മനോഹരമായ പുനഃസ്ഥാപനം
ആർട്ട് + ഫെയ്ത്ത്: എ തിയോളജി ഓഫ് മേക്കിംഗ് എന്ന തന്റെ മനോഹരമായ ഗ്രന്ഥത്തിൽ, പ്രശസ്ത കലാകാരൻ മക്കോട്ടോ ഫുജിമുറ പുരാതന ജാപ്പനീസ് കലാരൂപമായ കിന്റ്‌സുഗിയെ വിവരിക്കുന്നു. അതിൽ, കലാകാരൻ പൊട്ടിയ മൺപാത്രങ്ങൾ (യഥാർത്ഥത്തിൽ ചായ പാത്രങ്ങൾ) എടുത്ത് കഷ്ണങ്ങൾ വീണ്ടും ലാക്വർ ഉപയോഗിച്ച് പൂർവ്വസ്ഥിതിയിലാക്കി, വിള്ളലുകളിൽ സ്വർണ്ണനൂലുകൾ പാകുന്നു. ഫുജിമുറ വിശദീകരിക്കുന്നു: “കിന്റ്‌റ്‌സുഗി, കേവലം കേടുവന്ന പാത്രം ശരിയാക്കുകയോ നന്നാക്കുകയോ ചെയ്യുന്നതല്ല; പകരം, സാങ്കേതിക വിദ്യയുപയോഗിച്ച് തകർന്ന മൺപാത്രങ്ങളെ ഒറിജിനലിനേക്കാൾ മനോഹരമാക്കുന്നു.” നൂറ്റാണ്ടുകൾക്ക് മുമ്പ് ആദ്യമായി നടപ്പിലാക്കിയ കിന്റ്‌സുഗി, ഒരു യുദ്ധപ്രഭുവിന്റെ പ്രിയപ്പെട്ട കപ്പ് നശിപ്പിക്കപ്പെടുകയും പിന്നീട് മനോഹരമായി പുനഃസ്ഥാപിക്കുകയും ചെയ്തപ്പോൾ, അത് വളരെ വിലപ്പെട്ടതും അംഗീകരിക്കപ്പെടുന്നതുമായ കലയായി മാറി.
ലോകത്തോടുള്ള ബന്ധത്തിൽ ഇത്തരത്തിലുള്ള പുനഃസ്ഥാപനം ദൈവം കലാപരമായി നടപ്പിലാക്കിയതായി യെശയ്യാവ് വിവരിക്കുന്നു. നമ്മുടെ മത്സരത്താൽ നാം തകർന്നാലും നമ്മുടെ സ്വാർത്ഥതയാൽ ഉടഞ്ഞുപോയാലും, “പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കുമെന്ന്” ദൈവം വാഗ്ദത്തം ചെയ്യുന്നു (65:17). പഴയ ലോകത്തെ കേവലം നന്നാക്കാൻ മാത്രമല്ല, അതിനെ പൂർണ്ണമായും പുതിയതാക്കാനും, നമ്മുടെ നാശത്തെ എടുത്ത് പുതിയ സൗന്ദര്യത്താൽ തിളങ്ങുന്ന ഒരു ലോകത്തെ രൂപപ്പെടുത്താനും അവൻ പദ്ധതിയിടുന്നു. ഈ പുതിയ സൃഷ്ടി വളരെ അതിശയിപ്പിക്കുന്നതായിരിക്കും, “മുമ്പിലത്തെ കഷ്ടങ്ങൾ മറന്നുപോകും” “മുമ്പിലത്തെവ ആരും ഓർക്കുകയില്ല” (വാ. 16-17). ഈ പുതിയ സൃഷ്ടിയിലൂടെ, ദൈവം നമ്മുടെ തെറ്റുകൾ മറയ്ക്കാൻ ശ്രമിക്കയല്ല, മറിച്ച് അവന്റെ സൃഷ്ടിപരമായ ഊർജ്ജം പകർന്ന് - വൃത്തികെട്ടവയെ മനോഹരമാക്കുകയും നിർജ്ജീവമായവ വീണ്ടും ജീവിപ്പിക്കുകയും ചെയ്യും.
തകർന്നുപോയ നമ്മുടെ ജീവിതത്തെ നാം പരിശോധിക്കുമ്പോൾ, നിരാശപ്പെടേണ്ട ആവശ്യമില്ല. ദൈവം തന്റെ മനോഹരമായ പുനഃസ്ഥാപനം പ്രാവർത്തികമാക്കുന്നു.
ദൈവത്തിന്റെ ഇതിഹാസ കഥ
ലൈഫ് മാസികയുടെ 1968 ജൂലൈ 12 ലക്കത്തിന്റെ പുറംചട്ടയിൽ, നൈജീരിയയിലെ ആഭ്യന്തര യുദ്ധകാലത്ത് പട്ടിണി കിടക്കുന്ന ബിയാഫ്രയിൽ നിന്നുള്ള കുട്ടികളുടെ ഒരു ഭയാനകമായ ഫോട്ടോ കൊടുത്തിരുന്നു. ഇതു കണ്ടു വിഷമംതോന്നിയ ഒരു കുട്ടി, മാസികയുടെ ഒരു കോപ്പി ഒരു പാസ്റ്ററുടെ അടുത്ത് കൊണ്ടുപോയി, ''ദൈവത്തിന് ഇതിനെക്കുറിച്ച് അറിയാമോ?'' എന്ന് ചോദിച്ചു. പാസ്റ്റർ മറുപടി പറഞ്ഞു, “നിനക്കു മനസ്സിലാകുകയില്ലെന്ന് എനിക്കറിയാം, പക്ഷേ, ദൈവത്തിന് അതിനെക്കുറിച്ച് അറിയാം.’’ അത്തരമൊരു ദൈവത്തിൽ തനിക്ക് താൽപ്പര്യമില്ലെന്ന് പ്രഖ്യാപിച്ച് അവൻ പുറത്തേക്ക് നടന്നു.
ഈ ചോദ്യങ്ങൾ കുട്ടികളെ മാത്രമല്ല, നമ്മെയെല്ലാം അസ്വസ്ഥരാക്കുന്നു. ദൈവത്തിന്റെ നിഗൂഢമായ അറിവിന്റെ സ്ഥിരീകരണത്തോടൊപ്പം, മുൻ രാഷ്ട്രമായ ബിയാഫ്ര പോലെയുള്ള സ്ഥലങ്ങളിൽ പോലും ദൈവം തുടർന്നും എഴുതിക്കൊണ്ടിരിക്കുന്ന ഇതിഹാസ കഥയെക്കുറിച്ച് ആ കുട്ടി കേട്ടിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു.
അവൻ അവരെ കഷ്ടങ്ങളിൽ നിന്ന് രക്ഷിക്കുമെന്ന് കരുതിയ തന്റെ അനുയായികൾക്കായി യേശു ഈ കഥ ചുരുൾ നിവർത്തി. ക്രിസ്തു അവരോട് പറഞ്ഞത് “ഈ ലോകത്തിൽ നിങ്ങൾക്ക് കഷ്ടങ്ങൾ ഉണ്ട്’’ എന്നാണ്. എന്നിരുന്നാലും, ഈ തിന്മകൾ അവസാനമല്ലെന്ന വാഗ്ദാനമാണ് യേശു നൽകിയത്. വാസ്തവത്തിൽ, അവൻ ഇതിനകം “ലോകത്തെ ജയിച്ചുകഴിഞ്ഞു’’ (യോഹന്നാൻ 16:33). ദൈവത്തിന്റെ അവസാന അധ്യായത്തിൽ, എല്ലാ അനീതിയും പരിഹരിക്കപ്പെടും, എല്ലാ കഷ്ടപ്പാടുകളും സുഖപ്പെടും.
അചിന്തനീയമായ എല്ലാ തിന്മകളെയും ദൈവം നശിപ്പിക്കുകയും എല്ലാ തെറ്റുകളും ശരിയാക്കുകയും ചെയ്യുന്നതിന്റെ കഥ ഉല്പത്തി മുതൽ വെളിപ്പാട് വരെ വിവരിക്കുന്നു. നമ്മോടുള്ള ചോദ്യം ചെയ്യപ്പെടാത്ത സ്‌നേഹത്തിന്റെ ഉടയവനായ ഒരുവനെ കഥ അവതരിപ്പിക്കുന്നു. യേശു തന്റെ ശിഷ്യന്മാരോടു പറഞ്ഞു, “നിങ്ങൾക്കു എന്നിൽ സമാധാനം ഉണ്ടാകേണ്ടതിന്നു ഇതു നിങ്ങളോടു സംസാരിച്ചിരിക്കുന്നു’’ (വാ. 33). ഇന്ന് നമുക്ക് അവിടുത്തെ സമാധാനത്തിലും സാന്നിദ്ധ്യത്തിലും വിശ്രമിക്കാൻ കഴിയും.
പ്രാർത്ഥനയും രൂപാന്തരവും
1982-ൽ, പാസ്റ്റർ ക്രിസ്റ്റ്യൻ ഫ്യൂറർ ജർമ്മനിയിലെ ലീപ്‌സിഗ് സെന്റ് നിക്കോളാസ് പള്ളിയിൽ തിങ്കളാഴ്ച പ്രാർത്ഥനാ യോഗങ്ങൾ ആരംഭിച്ചു. വർഷങ്ങളോളം, ആഗോള അക്രമത്തിനും കിഴക്കൻ ജർമ്മൻ ഭരണകൂടത്തിന്റെ അടിച്ചമർത്തലിനും മധ്യേ സമാധാനത്തിനായി ദൈവത്തോട് അപേക്ഷിക്കാൻ ഒരു കൂട്ടം വിശ്വാസികൾ ഒത്തുകൂടി. കമ്മ്യൂണിസ്റ്റ് അധികാരികൾ സഭകളെ സസൂക്ഷ്മം നിരീക്ഷിച്ചെങ്കിലും, അംഗസംഖ്യ പെരുകുകയും സഭാ കവാടത്തിന് പുറത്തേക്ക് ജനബാഹുല്യം പെരുകുകയും ചെയ്യുന്നതുവരെ അവർ ഗൗനിച്ചില്ല. 1989 ഒക്ടോബർ 9-ന് എഴുപതിനായിരം പ്രകടനക്കാർ ഒത്തുകൂടുകയും സമാധാനപരമായി പ്രതിഷേധിക്കുകയും ചെയ്തു. ഏത് പ്രകോപനത്തിനും മറുപടി നൽകാൻ ആറായിരം കിഴക്കൻ ജർമ്മൻ പോലീസ് സജ്ജരായി നിന്നു. എന്നിരുന്നാലും, ജനക്കൂട്ടം സമാധാനപരമായി പ്രതിഷേധം തുടർന്നു, ചരിത്രകാരന്മാർ ഈ സംഭവത്തെ ഒരു നാഴികക്കല്ലായി കണക്കാക്കുന്നു. ഒരു മാസത്തിനുശേഷം, ബെർലിൻ മതിൽ തകർന്നു. വലിയ പരിവർത്തനം ആരംഭിച്ചത് ഒരു പ്രാർത്ഥനാ യോഗത്തോടെയാണ്.
നാം ദൈവത്തിങ്കലേക്ക് തിരിയുകയും അവന്റെ ജ്ഞാനത്തിലും ശക്തിയിലും ആശ്രയിക്കാൻ തുടങ്ങുകയും ചെയ്യുമ്പോൾ, കാര്യങ്ങൾ പലപ്പോഴും മാറാനും പുനർരൂപപ്പെടാനും തുടങ്ങുന്നു. യിസ്രായേലിനെപ്പോലെ, “[നമ്മുടെ] കഷ്ടതയിൽ യഹോവയോട് നിലവിളിക്കുമ്പോൾ’’ (സങ്കീർത്തനം 107:28) നമ്മുടെ ഏറ്റവും ഭയാനകമായ പ്രതിസന്ധികളെ പോലും അടിസ്ഥാനപരമായി രൂപാന്തരപ്പെടുത്താനും നമ്മുടെ ഏറ്റവും വിഷമകരമായ ചോദ്യങ്ങൾക്ക് ഉത്തരം നൽകാനും കഴിവുള്ള ദൈവത്തെ നാം കണ്ടെത്തുന്നു. ദൈവം “കൊടുങ്കാറ്റിനെ ശാന്തമാക്കുകയും മരുഭൂമിയെ ജലതടാകമാക്കി” മാറ്റുകയും ചെയ്യുന്നു (വാ. 29, 35). നമ്മുടെ പ്രാർത്ഥന കേൾക്കുന്നവൻ നിരാശയിൽ നിന്ന് പ്രത്യാശയും നാശത്തിൽ നിന്ന് സൗന്ദര്യവും കൊണ്ടുവരുന്നു.
എന്നാൽ ദൈവമാണ് (അവന്റെ കാലത്ത്-നമ്മുടെ സമയത്തല്ല) രൂപാന്തരം നടപ്പിലാക്കുന്നത്. അവൻ ചെയ്യുന്ന രൂപാന്തര പ്രവൃത്തിയിൽ നാം എങ്ങനെ പങ്കുചേരുന്നു എന്നതാണ് പ്രാർത്ഥന.
ദൈവത്തിന്റെ മങ്ങാത്ത ഓർമ്മ
ഒരു വ്യക്തിയുടെ കൈവശം 40 കോടി ഡോളറിലധികം വിലവരുന്ന ബിറ്റ്‌കോയിൻ ഉണ്ടായിരുന്നു, എന്നാൽ അയാൾക്ക് അതിന്റെ ഒരു പൈസപോലും എടുക്കാൻ കഴിഞ്ഞില്ല. തന്റെ ഫണ്ടുകൾ ശേഖരിച്ചിരുന്ന ഉപകരണത്തിന്റെ പാസ്‌വേഡ് അയാൾക്ക് നഷ്ടപ്പെട്ടു, അതിലും വലിയ ദുരന്തം, പത്ത് പാസ്‌വേഡ് ശ്രമങ്ങൾക്കു ശേഷം, സ്വയം നശിപ്പിക്കപ്പെടുന്നതായിരുന്നു ഉപകരണം. എന്നെന്നേക്കുമായി നഷ്ടപ്പെട്ട ഒരു ഭാഗ്യം. ഒരു ദശാബ്ദക്കാലം ആ മനുഷ്യൻ വേദനിച്ചു, തന്റെ ജീവിതത്തെ മാറ്റിമറിച്ചേക്കാവുന്ന നിക്ഷേപത്തിന്റെ പാസ്‌വേഡ് ഓർത്തെടുക്കാൻ തീവ്രമായി ശ്രമിച്ചു. എട്ട് പാസ്‌വേഡുകൾ പരീക്ഷിച്ച് എട്ട് തവണ പരാജയപ്പെട്ടു. 2021-ൽ, എല്ലാം ആവിയായി പോകുന്നതിന് മുമ്പ് തനിക്ക് രണ്ട് അവസരങ്ങൾ കൂടി മാത്രമേയുള്ളൂവെന്ന് അയാൾ വിലപിച്ചു.
നമ്മൾ മറവിയുള്ള ആളുകളാണ്. ചിലപ്പോൾ നമ്മൾ ചെറിയ കാര്യങ്ങൾ മറക്കുന്നു (നമ്മുടെ താക്കോലുകൾ എവിടെ വെച്ചു എന്ന കാര്യം), ചിലപ്പോൾ നമ്മൾ വലിയ കാര്യങ്ങൾ മറക്കുന്നു (ദശലക്ഷക്കണക്കിന് ഡോളർ അൺലോക്ക് ചെയ്യുന്ന ഒരു പാസ്‌വേഡ്). ഭാഗ്യവശാൽ, ദൈവം നമ്മെപ്പോലെയല്ല. തനിക്ക് പ്രിയപ്പെട്ട വസ്തുക്കളെയോ ആളുകളെയോ അവൻ ഒരിക്കലും മറക്കുകയില്ല. കഷ്ടകാലങ്ങളിൽ, ദൈവം തങ്ങളെ മറന്നുവെന്ന് യിസ്രായേൽ ഭയപ്പെട്ടു. 'യഹോവ എന്നെ ഉപേക്ഷിച്ചു, കർത്താവു എന്നെ മറന്നുകളഞ്ഞു' (യെശയ്യാവ് 49:14) എന്നവർ വിലപിച്ചു. എന്നിരുന്നാലും, അവരുടെ ദൈവം എപ്പോഴും ഓർക്കുന്നുവെന്ന് യെശയ്യാവ് അവർക്ക് ഉറപ്പുനൽകി. “ഒരു സ്ത്രീ തന്റെ കുഞ്ഞിനെ മറക്കുമോ? താൻ പ്രസവിച്ച മകനോടു കരുണ, തോന്നാതിരിക്കുമോ?” പ്രവാചകൻ ചോദിക്കുന്നു. തീർച്ചയായും, മുലയൂട്ടുന്ന കുഞ്ഞിനെ അമ്മ മറക്കയില്ല. ഇനി, ഒരു അമ്മ അത്തരമൊരു അസംബന്ധം ചെയ്താലും, ദൈവം നമ്മെ ഒരിക്കലും മറക്കില്ലെന്ന് നമുക്കറിയാം (വാ. 15).
“നോക്കൂ,” ദൈവം പറയുന്നു, “ഞാൻ നിന്നെ എന്റെ ഉള്ളങ്കയ്യിൽ വരെച്ചിരിക്കുന്നു” (വാ. 16). ദൈവം നമ്മുടെ പേരുകൾ സ്വന്തം അസ്തിത്വത്തിൽ കൊത്തിവെച്ചിരിക്കുന്നു. അവന് നമ്മെ-അവൻ സ്‌നേഹിക്കുന്നവരെ -മറക്കാൻ കഴികയില്ലെന്ന് ഓർക്കുക.
ആത്മാവിന് മാത്രം ചെയ്യാൻ കഴിയുന്നത്
തൊണ്ണൂറ്റി നാല് വയസ്സുള്ള ജർമ്മൻ ദൈവശാസ്ത്രജ്ഞനായ ജർഗൻ മോൾട്ട്മാൻ എഴുതിയ പരിശുദ്ധാത്മാവിനെക്കുറിച്ചുള്ള ഒരു പുസ്തകത്തിന്റെ ചർച്ചയ്ക്കിടെ, ഒരു അഭിമുഖക്കാരൻ അദ്ദേഹത്തോട് ചോദിച്ചു: 'നിങ്ങൾ എങ്ങനെയാണ് പരിശുദ്ധാത്മാവിനെ പ്രവർത്തനക്ഷമമാക്കുന്നത്? നിങ്ങൾ ഒരു ഗുളിക കഴിക്കാമോ? ഫാർമസ്യൂട്ടിക്കൽ കമ്പനികൾ [ആത്മാവിനെ വിതരണം] ചെയ്യുന്നുണ്ടോ?' മോൾട്ട്മാന്റെ പുരികങ്ങൾ ഉയർന്നു. തല കുലുക്കി അദ്ദേഹം ചിരിച്ചു, ഉച്ചാരണഭേദമുള്ള ഇംഗ്ലീഷിൽ മറുപടി പറഞ്ഞു. 'എനിക്കെന്തു ചെയ്യാൻ കഴിയും? ഒന്നും ചെയ്യേണ്ടതില്ല. ആത്മാവിനായി കാത്തിരിക്കുക, ആത്മാവ് വരും.''
നമ്മുടെ ഊർജ്ജവും വൈദഗ്ധ്യവുമാണ് കാര്യങ്ങളെ സംഭവിപ്പിക്കുന്നത് എന്ന നമ്മുടെ തെറ്റായ വിശ്വാസത്തെ മോൾട്ട്മാൻ ഉയർത്തിക്കാട്ടി. ദൈവം കാര്യങ്ങൾ സംഭവിപ്പിക്കുന്നുവെന്ന് പ്രവൃത്തികൾ വെളിപ്പെടുത്തുന്നു. സഭയുടെ തുടക്കത്തിൽ, അതിന് മാനുഷിക തന്ത്രവുമായോ ശ്രദ്ധേയമായ നേതൃത്വവുമായോ യാതൊരു ബന്ധവുമില്ലായിരുന്നു. പകരം, പരിഭ്രാന്തരും നിസ്സഹായരും അമ്പരപ്പുള്ളവരുമായ ശിഷ്യന്മാർ ഇരുന്ന മുറിയിലേക്കാണ് ആത്മാവ് 'കൊടിയ കാറ്റടിക്കുന്നതുപോലെ' എത്തിയത് (2:2). അടുത്തതായി, ഭിന്നതയുള്ള ആളുകളെ ഒരു പുതിയ സമൂഹത്തിലേക്ക് കൂട്ടിച്ചേർത്ത് ആത്മാവ് എല്ലാ വംശീയ മേധാവിത്വങ്ങളെയും തകർത്തു. തങ്ങളുടെ ഉള്ളിൽ ദൈവം ചെയ്യുന്നതെന്തെന്ന് കണ്ട് ശിഷ്യന്മാരും ആരെയും പോലെ ഞെട്ടി. അവർ ഒന്നും സംഭവിപ്പിച്ചില്ല; 'ആത്മാവ് അവരെ പ്രാപ്തമാക്കി' (വാ. 4).
സഭയും-ലോകത്തിലെ നമ്മുടെ പങ്കിട്ട ജോലിയും-നമുക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ കൊണ്ടല്ല നിർവചിക്കപ്പെടുന്നത്. ആത്മാവിന് മാത്രം ചെയ്യാൻ കഴിയുന്ന കാര്യങ്ങളിൽ നാം പൂർണ്ണമായും ആശ്രയിക്കുന്നു. ധൈര്യത്തോടെയും സ്ഥിരതയോടെയും ആയിരിക്കാൻ ആത്മാവ് നമ്മെ അനുവദിക്കുന്നു. പെന്തക്കോസ്ത് ആഘോഷിക്കുന്ന ഈ ദിനത്തിൽ നമുക്ക് ആത്മാവിനായി കാത്തിരിക്കുകയും പ്രതികരിക്കുകയും ചെയ്യാം.